ചീരകത്തില്‍ തറവാട്ട് യോഗം

മഹിതമായൊരു പാരമ്പര്യത്തിന്‍റെ ചരിത്രവഴികളിലേയ്ക്കും ഉത്ഭവത്തിലേയ്ക്കും ഒരു തിരിഞ്ഞു നോട്ടം. കാര്‍ഷികവൃത്തിയിലെ കഠിനാദ്ധ്വാനത്തിന്‍റെയും അചഞ്ചലമായ ആത്മീയാടിത്തറയുടെയും കരുണാര്‍ദ്രമായ മാനവ സാഹോദര്യത്തിന്‍റെയും സങ്കലനമാണ് ചീരകത്തില്‍ തറവാട്. അന്യദേശത്തെത്തി ജീവിത വിജയം നേടിയ സുവര്‍ണ്ണ ചരിത്രം, അഭിമാനത്തോടെ, ശ്രദ്ധാഞ്ജലികളോടെ, ആ നാള്‍ വഴികളിലേക്ക് ഒരു യാത്ര…. തീര്‍ത്ഥ യാത്ര! അനുപമമായ ആ ധന്യ പൈതൃകത്തിന്‍റെ ശുഭാരംഭം എവിടെ നിന്നായിരുന്നു………….

കൊടുങ്ങല്ലൂരിന് സമീപമുളള ചേന്ദമംഗലം എന്ന പ്രദേശത്തായിരുന്നു കൊടിയന്‍ എന്ന വീട്ടുപേരില്‍ പൂര്‍വ്വപിതാമഹന്‍ പാര്‍ത്തിരുന്നത്. അവിടെ നിന്നും ചാലക്കുടിപ്പുഴയുടെ തീരത്തുളള അക്കാലത്തെ മൂഴിക്കുളം ഇടവകയില്‍ പൂവ്വത്തുശ്ശേരിയ്ക്കു സമീപം പറമ്പേത്ത് (ഇപ്പോഴത്തെ പറമ്പേത്ത് വീട്ടുകാര്‍ താമസിക്കുന്ന സ്ഥലം) എന്ന സ്ഥലത്ത് അന്നത്തെ നാടുവാഴി ക്ഷണിച്ചു കൊണ്ടു വന്നു താമസിപ്പിച്ചു.

കാലങ്ങള്‍ക്കുശേഷം ചാലക്കുടിപ്പുഴയുടെ തീരത്തുളള തോടിന് സമീപത്തേയ്ക്ക് താമസം മാറി. പിന്നീട് ഈ തോട് ചീരോത്തിതോട് എന്നറിയപ്പെടുന്നു. കാര്‍ഷികാവശ്യത്തിനുളള ജലലഭ്യത കണക്കാക്കിയിരുന്നു ഈ വീടുമാറ്റം. ആദ്യ കൊടിയന്‍ ചീരോത്തി തറവാട് ഈ തോടിന് സമീപത്തായിരുന്നു. അതോടെ കൊടിയന്‍ എന്ന വീട്ടുപേര് ചീരോത്തി എന്ന് അറിയപ്പെടാനിടയായി. പുരാതന കാലത്ത് മൂഴിക്കുളത്ത് വന്നു താമസം ഉറപ്പിച്ച കൊടിയന്‍ കുടുംബപ്പേരിന് കാലാന്തരത്തില്‍ രൂപഭേദം വന്നതാണ് ചീരോത്തി എന്നതും, ഇവിടെയുളള ചീരോത്തിതോട് റോഡ് ഇന്ന് സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. പിന്നീട് കത്തിടപാടുകളില്‍ ചീരകത്തില്‍ എന്നായി.

ഇവിടെ നിന്നുമാണ് കുറുമശ്ശേരി, അയിരൂര്‍, മൂഴിക്കുളം, പാറക്കടവ്, എളവൂര്‍, പാലിശ്ശേരി, ചാലക്കുടി, കോനൂര്‍, എരയാന്‍കുടി, എറണാകുളം എന്നീ ദേശങ്ങളിലേക്ക് തലമുറകള്‍ വ്യാപിച്ചത്. 2023 ല്‍ എത്തിയപ്പോഴേയ്ക്കും 180-ഓളം കുടുംബങ്ങളിലായി പരിലസിക്കുന്നു, ചീരകത്തില്‍ തറവാട് കുടുംബയോഗം.

ആദ്ധ്യാത്മിക മേഖല

     യശശ്ശരീനായ ഫാ. ഡൊമിനിക്ക് CMI, (ഡൊമിനിങ്കോസച്ചന്‍) ചീരകത്തില്‍ കുടുംബത്തിലെ അഭിമാനതാരമാണ്. ഫാ. അഗസ്റ്റിന്‍ ചീരകത്തില്‍ , ഫാ. റിജോ ചീരകത്തില്‍ , ഫാ. സിൻറ്റൊ (Sinto)ചീരകത്തില്‍ എന്നിവര്‍ പൗരോഹിത്യ ശുശ്രൂഷയിലെ കര്‍മ്മകാണ്ഡത്തില്‍ തിളങ്ങി നില്ക്കുന്നു. സന്യാസിനികളായ യശശ്ശരീരായ സി.സെറാഫിയ മാത്യൂസ്, സി. ജര്‍മയിന്‍ മാത്യൂസ് എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിക്കുന്നു. അതോടൊപ്പം ക്രിസ്തുവിന്‍റെ മണവാട്ടികളായി ശോഭിക്കുന്ന സി.സള്‍ഫസ് മേരി, സി. പാവന, സി. റോസ് തെരേസ, സി.ബീന, സി. സായൂജ്യ,  സി. ജിസ് മാത്യൂസ് എന്നിവരും കര്‍മ്മനിരതരായി മുന്നേറുന്നു.

കാര്‍ഷികരംഗം

കാര്‍ഷികവൃത്തിയിലെ കഠിനാദ്ധ്വാനത്തിലൂടെ കനകം വിളയിച്ച് പൂര്‍വ്വപിതാക്കന്മാര്‍ കൃഷിയുടെ വിപുലീകരണത്തിനായി സ്ഥല ലഭ്യതയും, വിലക്കുറവുമുളള പ്രദേശങ്ങള്‍ കണ്ടെത്തി തങ്ങളുടെ സ്വപ്നങ്ങളുടെ വിത്തെറിഞ്ഞു. അങ്ങനെയാണ് പാലിശ്ശേരി, കോനൂര്‍, പുളിങ്കരമല എന്നീ മലയോരപ്രദേശങ്ങളില്‍ എത്തിപ്പെട്ടത്. ഇഞ്ചിപ്പുല്ല് സംസ്കരിച്ച് പുല്‍ത്തൈലം നിര്‍മ്മാണമുള്‍പ്പെടെയുളള കാര്‍ഷികാനുബന്ധ വ്യവസായങ്ങളിലും അവര്‍ ഏര്‍പ്പെട്ടു.

1915 ല്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ആദ്യമായി കളി അടയ്ക്ക (അടയ്ക്ക മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കുന്നത്) വ്യാവസായികാടി സ്ഥാനത്തില്‍ സംസ്കരണം ചെയ്തു വ്യാപാരം ആരംഭിച്ചത് ശ്രീ. മാത്യു ഇട്ടീര കുഞ്ഞി എന്ന പിതാവായിരുന്നു. ആധുനിക കൃഷി രീതികള്‍ ആവിഷ്ക്കരിക്കുന്നതിലും പുതിയ വിത്തിനങ്ങള്‍ അവതരിപ്പിക്കുന്നതിലും കൃഷി വിപുലീകരണത്തിലും പിന്‍തലമുറക്കാര്‍ വളരെയേറെ മുന്നിലായിരുന്നു.
1965 ല്‍ തൃശ്ശൂര്‍, എറണാകുളം ജില്ലയിലെ ആദ്യത്തെ ആധുനിക മുട്ടക്കോഴി ഫാം, മൂഴിക്കുളം പളളിക്ക് സമീപം ആരംഭിച്ചത് ശ്രീ. തര്യന്‍ ജോസഫ് എന്ന സി.ടി ജോസഫാണ്. പുതിയ വിത്തിനങ്ങള്‍ കണ്ടെത്തുന്നതില്‍ അഡ്വ. സി. ടി. ജോസഫ്, ശ്രീ.സി.ടി ഡേവീസ്   ്എന്നിവരും, ആധുനിക കൃഷിരീതി വിപുലീകരിക്കുന്നതില്‍ ശ്രീ.മാത്യു ഇട്ടീരകുഞ്ഞി, ശ്രീ.ദേവസ്യ തര്യത് എന്നിവര്‍ നേതൃത്വം നല്‍കിയവരാണ്.

വ്യാപാരം

1960 കളില്‍ അയിരൂരില്‍ ശ്രീ. വര്‍ക്കി തര്യതിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച പലചരക്ക് കട പ്രദേശവാസികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. ഇന്നത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സമാനമായിരുന്നു. ദൈനംദിന ജീവിതത്തിനാവശ്യ മായതെല്ലാം ലഭിക്കുന്ന അന്നത്തെ പലചരക്ക് കട.
1964 ല്‍ അടുവാശ്ശേരിയില്‍ പുകയില വ്യാപാരവും പലചരക്ക് കടയും ശ്രീ.പൗലോ ദേവസ്സിക്കുട്ടിയും അനുജന്‍ ശ്രീ.കുഞ്ചാക്കോയും ചേര്‍ന്നായിരുന്നു ആരംഭിച്ചത്. തുടര്‍ന്ന് വ്യാപാരരംഗത്ത് വിശ്വസ്തമായ നിലയില്‍ ഗണനീയമായ സ്ഥാനമുറപ്പിക്കാന്‍ ചീരകത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞു.

ഔദ്യോഗിക രംഗം/പ്രൊഫഷണല്‍സ്

അഭിഭാഷകവൃത്തിയില്‍ പ്രമുഖരായ അഡ്വ. സി.ടി. പീറ്റര്‍, അഡ്വ. സി.ടി.ജോസഫ് എന്നിവര്‍ പ്രഗത്ഭരായിരുന്നു. പോലീസ് സേനയിലും ഐ.ടി മേഖലയിലും തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചീരകത്തില്‍ കുടുംബക്കാര്‍ ഒട്ടേറെയുണ്ട്. ശ്രീ.മാത്യൂസ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ.അഗസ്റ്റിന്‍ മാത്യൂസ് പി & ടി യില്‍ ഉന്നത ഉദ്യോഗം വഹിച്ചു. 1950 കളില്‍ ശ്രീ.വര്‍ക്കി എക്സൈസ് ഇന്‍സ്പെക്ടറായും അദ്ധ്യാപനരംഗത്ത് 1950 മുതല്‍ മൂന്ന് വ്യാഴവട്ട ക്കാലം ശ്രീ.സി.ടി ആന്‍റണി BA, B.Ed, ശ്രീ. സി.ഇ ചാക്കുണ്ണി എന്നിവര്‍ സേവനമനുഷ്ഠിച്ചു. ഹെഡ്മാസ്റ്റര്‍മാരായിട്ടാണ് ഇവര്‍ റിട്ടയര്‍ ചെയ്തത്. 1950 മുതല്‍ ശ്രീ.സി.എം.തരിയന്‍ ITI അദ്ധ്യാപകനായിരുന്നു. കളമശ്ശേരി ITI യില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ തറവാട്ടുയോഗം, വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി വിവിധ endowement കളും അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാ സഹായ ങ്ങളും മറ്റും നല്‍കിവരുന്നു. കൂടാതെ സമൂഹ നന്മക്കായി മെഡിക്കല്‍ ക്യാമ്പുകളും പരിശീലന ക്ലാസുകളും നടത്തിവരുന്നു. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, ഐ.ടി പ്രൊഫഷണലുകള്‍ , ബാങ്ക് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തന നിരതരായിരിക്കുന്നു.

1950 കാലഘട്ടത്തില്‍ ആയുര്‍വേദ ചികിത്സാരംഗത്ത് വളരെ പ്രശസ്തനായിരുന്നു കുഞ്ഞുവറീത് ഔസേഫ്.

1942 ല്‍ വിഷ ചികിത്സാ രംഗത്ത് പ്രാഗ്ത്ഭ്യം നേടിയ ശ്രീ. ഔസേഫ് മത്തായി (മാത്യു) ചാലക്കുടിക്ക് അടുത്ത് പരിയാരം മേഖലയില്‍ ചികിത്സ നടത്തിയിരുന്നു. 26-ാം വയസ്സില്‍ മരണമടഞ്ഞ ഇദ്ദേഹത്തിന്‍റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന കല്ലറ പരിയാരം സെന്‍റ്. ജോര്‍ജ്ജ് പളളിയില്‍ ഇന്നും നിലനില്‍ക്കുന്നു.

കല/സാംസ്കാരികം

1965 ല്‍ അങ്കമാലിയിലെ പ്രശസ്ത സ്റ്റുഡിയോ തര്യന്‍ സ്റ്റുഡിയോ സ്ഥാപിച്ചത് ശ്രീ. തര്യന്‍ അഗസ്റ്റിനായിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ശ്രീ.സി.പി വര്‍ഗീസും (സിനിമ വര്‍ക്കി) മള്ളുശ്ശേരിയിലെ ശ്രീ.കാച്ചപ്പിളളി ജോസും ചേര്‍ന്നാണ് വട്ടപ്പറമ്പില്‍ ജോസ് തിയേറ്റര്‍ ആരംഭിച്ചത്. 1972 ല്‍ ഈ തിയേറ്റര്‍ കുറുമശ്ശേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. പ്രശസ്തരായ അനേകം കലാകാരന്മാരെ കുറുമശ്ശേരിയില്‍ വളര്‍ത്തുന്നതിന് ഈ സിനിമപ്രദര്‍ശന ശാല പ്രചോദനമായി.

രാഷ്ട്രീയ, സാമൂഹ്യ, സേവനരംഗം

സ്വാതന്ത്ര്യ സമരസേനാനികളായ രണ്ട് പേര്‍ ചീരകത്തില്‍ കുടുംബത്തിലുള്‍പ്പെടുന്നു. ശ്രീ. ആന്‍റണി ഇട്ടീരയും, ശ്രീ. വര്‍ക്കി ഔസേപ്പ് എന്നിവരായിരുന്നു ഇവര്‍. രാഷ്ട്രീയ, സാമൂഹ്യ, സഹകരണ, വ്യാപാര മേഖലകളിലെ സംഘടനകളില്‍ ഔദ്യോഗിക നേതൃത്വത്തില്‍ മുഖ്യസ്ഥാനങ്ങളില്‍ തിളങ്ങുന്ന വ്യക്തിത്വങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ നിന്നുമുണ്ട് എന്നത് അഭിമാനകരമാണ്. 2018 ലെ നാടിനെ നടുക്കിയ മഹാപ്രളയത്തില്‍ ചാലക്കുടി പുഴ കര കവിഞ്ഞ് മൂഴിക്കുളം, അയിരൂര്‍ കരകള്‍ പൂര്‍ണ്ണമായും വെളളത്തിലായപ്പോള്‍ നമ്മുടെ കുടുംബാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സുസ്തര്‍ഹ്യമായ സേവനങ്ങള്‍ ചെയ്യുകയുണ്ടായി. സാമ്പത്തിക സഹായങ്ങള്‍ നല്കുകയും, 2019 ലെ ലോകമഹാമാരിയായ കോവിഡ് -19 പടർന്നുപിടിച്ചപ്പോൾ സാമ്പത്തികസഹായവും, മരണപ്പെട്ടവരെ അടക്കം ചെയ്യുന്നത് തുടങ്ങിയ പ്രവൃത്തികള്‍ നമ്മുടെ കുടുംബാംഗങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് നടത്തിയിട്ടുളളതാണ്.

മൂഴിക്കുളം

ആലുവ താലൂക്കിലെ പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് മൂഴിക്കുളം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 12 കി.മീ പടിഞ്ഞാറ് ചാലക്കുടിപ്പുഴയുടെ തീരത്തായി 24 ഹെക്ടര്‍ വിസ്തൃതിയുളള പ്രദേശമാണ് മൂഴിക്കുളം. ഭാരതത്തിലുളള 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണ പെരുമാളിന്‍റെ പേരിലുളള ദക്ഷിണേന്ത്യയിലെ ഏകക്ഷേത്രമാണ് തിരുമൂഴിക്കുളം ക്ഷേത്രം. ക്രിസ്തുവര്‍ഷം 9-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നെല്‍വയലുകളിലേക്ക് വെളളം കയറ്റാനുളള തുമ്പുകള്‍ക്ക് (വയലിലെ വെള്ളപ്പാത്തി Sluice) മൂഴിയെന്ന് പറയും. ഇത്തരം ധാരാളം മൂഴികളുണ്ടായിരുന്ന കുളത്തോടു കൂടിയ പ്രദേശത്തെ മൂഴിക്കുളമെന്നു വിളിച്ചെന്ന് കരുതാം. ചിതമ്പലുകളില്ലാത്ത ഒരു തരം മത്സ്യത്തെപ്പോലെ നീണ്ട ജലാശയമായിരുന്നു മൂഴിക്കുളം. ഇതില്‍ പണ്ട് ധാരാളം മൂഴിമത്സ്യം ഉണ്ടായെന്നും കരുതാം. അതൊക്കെയാകാം സ്ഥലനാമത്തിന് പിന്നിലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

മൂഴിക്കുളം കച്ചം (Moozhikulam Code)

ജനങ്ങളുടെ ഭൗതികമായ വളര്‍ച്ചയ്ക്കും ആത്മീയ പുരോഗതിക്കും വേണ്ടിയുളള സുസംഘടിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലും, സമുദായത്തിലും ആചരിക്കേണ്ട ചട്ടങ്ങള്‍ക്കും ക്രമങ്ങള്‍ക്കും പണ്ഡിത സദസ്സുകള്‍ നടത്തി രൂപം നല്കിയിട്ടുളളതാണ് മൂഴിക്കുളം കച്ചം. കുലശേഖര പെരുമാളിന്‍റെ കാലത്ത് ക്ഷേത്ര കാര്യങ്ങളുടെ നിര്‍വ്വാഹണത്തെയും ഭരണത്തെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കച്ചങ്ങള്‍ എന്നറിയപ്പെട്ടു. മൂഴിക്കുളം കച്ചം പരക്കെ അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തു പോന്നു എന്നും ചരിത്രരേഖകളില്‍ കാണുന്നു.

“ചീരകത്തിൽ ” ചരിത്രവും സവിശേഷതയും

അമ്പലവാസികള്‍ എന്നറിയപ്പെടുന്ന സമുദായക്കാരായ കുടുംബങ്ങളാണ് അന്ന് മൂഴിക്കുളം ക്ഷേത്ര പരിസരത്തും സമീപത്തും പാര്‍ത്തിരുന്നത്, നാടുവാഴി ക്ഷണിച്ചു കൊണ്ടു വന്നു കുടിയിരുത്തിയ കൊടിയന്‍ കുടുംബം അവര്‍ക്കിടയിലെ ഏക ക്രിസ്തീയ കുടുംബ മായിരുന്നു, കൊടിയന്‍ കുടുംബത്തെ എന്തിനാണ് നാടുവാഴി കൊണ്ടു വന്നത് എന്നത് ശ്രദ്ധാര്‍ഹവും സവിശേഷതയുമാര്‍ന്ന ഒരു കാരണവും വിശ്വാസവും ഇതിന് പിന്നിലുണ്ട്. അശുദ്ധമായ വസ്തുക്കളൊക്കെ ശുദ്ധമാക്കുക എന്ന ശുദ്ധികര്‍മ്മം നിര്‍വ്വഹിക്കുന്നതിനായിട്ടായിരുന്നു കൊടിയന്‍ ചീരോത്തി കുടുംബത്തെ നാടുവാഴി മൂഴിക്കുളത്തേക്ക് കൊണ്ടു വന്നത്. “തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ടു തൊടുവിച്ചെടുക്കാം” എന്നതായിരുന്നു ഹിന്ദുക്കളുടെ വിശ്വാസം. എത്ര അശുദ്ധമായ വസ്തുവാണെങ്കിലും ക്രിസ്ത്യാനി തൊട്ടാല്‍ മാത്രം മതി ശുദ്ധമാകുമത്രേ! ഇത്തരം ശുദ്ധീകരണ കര്‍മ്മം ചീരോത്തി കുടുംബം നിര്‍വ്വഹിച്ചു പോന്നു. ഈ കുടുംബത്തിന് സര്‍വ്വവിധ സഹായവും പിന്തുണയും നല്കുക മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് ആരാധന നടത്തുവാന്‍ മൂഴിക്കുളം കരയില്‍ കണ്ണന്‍കുഴിശ്ശേരി കരയില്‍ സ്ഥലവും നല്കി നാടുവാഴി അവരെ ആദരിച്ചു. അവിടെ നിര്‍മ്മിക്കപ്പെട്ട ആരാധനാലയം ഇന്നും മൂഴിക്കുളം പളളി എന്നറിയപ്പെടുന്നു.

മൂഴിക്കുളം സെന്‍റ് മേരീസ് ഫൊറോന പളളി

അതിപുരാതനമായ ക്രൈസ്തവ ദേവാലയമാണ് മൂഴിക്കുളം സെന്‍റ്. മേരീസ് ഫൊറോന പളളി. AD 601 ല്‍ സ്ഥാപിതമായ പളളി പല പുതുക്കിപ്പണിയലുകള്‍ക്കൊടുവില്‍ വലിയ മാറ്റങ്ങളോടെ പുനര്‍ നിര്‍മ്മിച്ച് 2022 ജനുവരി 1 ന് കൂദാശ ചെയ്തു. അതിപുരാതനവും അപൂര്‍വ്വമായ ബൈസന്‍റയിന്‍ കുരിശ്ശിനോട് സാമ്യമുളള കല്‍ക്കുരിശ്ശും മൂന്നു ബല്‍ജിയം പളളി മണികളും ഈ പളളിയിലെ ആകര്‍ഷണീയമായ ചരിത്രവസ്തുക്കളാണ്. നാടുവാഴിയായിരുന്ന പറവൂര്‍ രാജാവില്‍ നിന്നും കരം ഒഴിവായി കിട്ടിയ 84 സെന്‍റ് സ്ഥലത്താണ് പളളി സ്ഥിതി ചെയ്യുന്നത്. പളളി മേടയിലെ 2000 പറ നെല്ല് ശേഖരിക്കാന്‍ കഴിയുന്ന 3 പത്തായങ്ങള്‍ പ്രസിദ്ധമാണ്. പളളി വക പാടത്ത് കൃഷി ചെയ്ത നെല്ല് സൂക്ഷിക്കുന്നത് ഈ വമ്പന്‍ പത്തായങ്ങളിലായിരുന്നു.

മൂഴിക്കുളം ചാലക്കുടിപ്പുഴയോട് ചേര്‍ന്നായതിനാല്‍ ജലമാര്‍ഗ്ഗമുളള ചരക്ക് കടത്തിന്‍റെ കേന്ദ്രം കൂടിയായിരുന്നു. കൊടുങ്ങല്ലൂര്‍ തുറമുഖത്തേ യ്ക്കുളള പ്രധാന ജലപാത കൂടിയാണിവിടം. കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തിക്കല്ലുകള്‍ “കൊതിക്കല്ലുകള്‍” ഇവിടെ സ്ഥാപി ക്കപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍ തുറമുഖത്തിലേക്കുളള ചരക്ക് കടത്തിന്‍റെ ചുങ്കം (Tax) പിരിക്കുന്നതിനുളള ചൗക്കയും(checkpost) മൂഴിക്കുളത്തുണ്ടായിരുന്നു.

സെന്‍റ് മേരീസ് യു.പി സ്കൂള്‍ ഇടവകപ്പളളിക്കൂടമായിരുന്നു കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. മഹാകവി ജി.ശങ്കരകുറുപ്പ് ഇവിടെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചീരകത്തില്‍ തറവാട്ട് യോഗം

30/01/2000 ല്‍ മംഗളകരമായ ഒരു ചടങ്ങിന് ഒരുമിച്ച് ചേര്‍ന്ന അവസരത്തിലാണ് കുടുംബ ട്രസ്റ്റ് (തറവാട്ടുയോഗം) എന്ന ആശയം ഉടലെടുത്തത്. കറുകുറ്റിയിലെ ശ്രീ.ജോണ്‍സണ്‍ന്‍റെ മൂത്ത മകളുടെ വിവാഹത്തിന് ഒത്ത് ചേര്‍ന്നപ്പോള്‍ ശ്രീ.അഗസ്റ്റിന്‍ മാത്യൂസും, ശ്രീ.ജോണ്‍സണും, ശ്രീ. ജോവി യുമാണ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. തറവാട്ടു യോഗത്തിന്‍റെ കൂടിയാലോചന 27/02/2000 ല്‍ മൂഴിക്കുളത്തു ശ്രീ.സി.ടി ജോസഫിന്‍റെ വസതിയില്‍ കൂടുകയുണ്ടായി.നിര്‍ദ്ദിഷ്ട തറവാട്ടുയോഗത്തിന്‍റെ പ്രഥമയോഗം 30/04/2000 ല്‍ കുറുമശ്ശേരിയില്‍ ശ്രീ.സി.പി.ജോസഫ്ന്‍റെ വസതിയില്‍ കൂടുകയും തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.

2000-ാം മാണ്ടില്‍ ശ്രീ.അഗസ്റ്റിന്‍ മാത്യൂസ് പ്രസിഡന്‍റായി ചീരകത്തില്‍ തറവാട്ട് യോഗം സാക്ഷാത്ക്കരിക്കപ്പെട്ടു. 2016 ല്‍ കുറുമശ്ശേരിയില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളോടുു കൂടി ഇരുനിലയില്‍ 2000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുളള ആസ്ഥാന മന്ദിരം നിര്‍മ്മിക്കുകയുണ്ടായി.
ഇപ്പോള്‍ 180 ഓളം കുടുംബങ്ങളും 650-ലേറെ അംഗങ്ങളുമുളള നമ്മുടെ ചീരകത്തില്‍ തറവാട്ട് യോഗത്തിന്‍റെ മാര്‍ഗ്ഗദീപം യശശ്ശരീരനായ ശ്രീ. അഗസ്റ്റിന്‍ മാത്യൂസാണ്, അദ്ദേഹത്തിന് മുന്‍പില്‍ ചീരകത്തില്‍ തറവാട്ട് യോഗം സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു കൊളളുന്നു.

എൻഡോവ്മെന്റുകൾ (Endowments)

നിലവിൽ തറവാട്ടുയോഗത്തിന് “9″ എൻഡോവ്മെന്റുകളാണ് ഉള്ളത്

  1. ശ്രീ. വർക്കി വർഗ്ഗീസ് മെമ്മോറിയൽ – SSLC കൂടുതൽ മാർക്ക്
  2. ശ്രീ. സി.ടി. ആന്റണി മെമ്മോറിയൽ – +2 കൂടുതൽ മാർക്ക്
  3. ഫാ. പോൾ കൊളുവൻ മെമ്മോറിയൽ – വേദോപദേശം : ക്ലാസ് 10 First
  4. ശ്രീ. സി.എം. വർക്കി മറിയം മെമ്മോറിയൽ – കമ്മിറ്റി തീരുമാനപ്രകാരം അർഹതപ്പെട്ട കാര്യങ്ങൾക്ക്
  5. ശ്രീമതി. മേരി ആന്റണി മെമ്മോറിയൽ – ഉന്നത വിദ്യാഭ്യാസ സഹായം
  6. ശ്രീ. സി.എ. ആന്റണി മെമ്മോറിയൽ – വിദ്യാഭ്യാസ സഹായം
  7. ശ്രീ. സി . ജോൺസൻ, കറുകുറ്റി – BSc Nursing
  8. ശ്രീ. അഗസ്റ്റിൻ മാത്യൂസ് – ലോഗോസ് ക്വിസ്
  9. അഭ്യുദയകാംക്ഷികൾ – ചികിത്സാ സഹായം